കുന്നിൻ മുകളിൽ ഇരിക്കുന്ന യഥാർത്ഥ ദൈവങ്ങൾ !!!

കാറോ,ബൈക്കോ എടുത്തു വന്നാൽ പെരുമ്പാവൂർ നിന്ന് ഒരു അര മണിക്കൂർ. കിലോമീറ്ററുകളുടെ കണക്ക് പറയാൻ ആണെങ്കിൽ പതിനഞ്ചിന് അടുത്ത് വരും. പറഞ്ഞു വരുന്നത് കൊമ്പനാട് പുലിയണിപ്പാറ ഭഗവതി ക്ഷേത്രത്തെ പറ്റിയാണ്. ക്ഷേത്രത്തിൽ നിന്ന് പതിനേഴ് കിലോമീറ്റർ ദൂരം ഉള്ളൂ പ്രശസ്തമായ മലയാറ്റൂർ പള്ളി. ഈ രണ്ട് സ്ഥലങ്ങൾ തമ്മിൽ എന്താണ് ബന്ധം എന്ന് ആലോചിക്കുന്നുണ്ടാകും അല്ലേ?

രണ്ട് സ്ഥലങ്ങളും മതാതിഷ്ഠിമായവ എന്നതിന് അപ്പുറം രണ്ടും പാറകളോട് ചേർന്നവയാണ് എന്ന് കൂടി ചേർത്ത് വായിക്കണം. ഇത് പോലെയുള്ള ചെറുതും വലുതുമായ ഒരുപാട് ക്ഷേത്രങ്ങളും പള്ളികളും നമുക്ക് ചുറ്റുമുണ്ട്. പാറമടകളും, വന നശീകരണവും ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ കൂടി കൂട്ടി വായിക്കുമ്പോൾ ആണ് ഇത്തരം തീർത്ഥാടന കേന്ദ്രങ്ങളുടെ പ്രാധാന്യം കൂടുതൽ മനസിലാകുന്നത്.

ഒരുപക്ഷേ അമ്പലങ്ങളോ പള്ളികളോ ഇവിടങ്ങളിൽ ഇല്ലായിരുന്നെങ്കിൽ ഇത് പോലുള്ള പ്രദേശങ്ങൾ എപ്പോഴേ പാറമടകൾ ആയി മാറിയേനെ.. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ മുഴുവനായി മാറാതെ നിൽക്കുന്നത് ഇത്തരം പ്രദേശങ്ങൾ തന്നെയാണെന്ന് നിസംശയം പറയാം. ഭക്തി, എങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കുന്നു എന്നതിന്റെ ഉന്നതമായ രൂപങ്ങൾ കൂടിയാണ് ഇതെല്ലാം. അത് കൊണ്ട് തന്നെ ജാതി ഭേദമന്യേ ഈ പ്രദേശങ്ങൾ സംരക്ഷിക്കണം. അത് നമ്മുടെ ചുമതല തന്നെയാണ്. ഇത്തരം കാര്യങ്ങളിൽ വർഗീയത പാടില്ല.മലയാറ്റൂർ പള്ളി പോലെ, ഇരിങ്ങോൾ കാവ് പോലെ എന്തിന് ശബരിമല പോലെ ഉള്ളയിടങ്ങൾ വൃക്ഷങ്ങളുടെ ഒരു പാർപ്പിടം ആണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഒരു ആത്മീയതക്ക് നമ്മുടെ സംസ്കാരത്തോളം പഴക്കമുണ്ട്. മരങ്ങളെ പൂജിച്ചിരുന്ന പൈതൃകം ആണ് ഭാരതത്തിന് ഉള്ളത്. കാവുകളും, കുളങ്ങളും അതിന്റെ ഭാഗം തന്നെ…എന്തിനാണ് മരങ്ങളെയും, കല്ലുകളെയും പൂജിക്കുന്നത്; നമുക്ക് അമ്പലങ്ങളോ, പള്ളികളോ മാത്രം മതിയാകില്ലേ എന്ന എന്റെ ചിന്തയിലെ തെറ്റ് മനസിലാക്കാൻ കാലം തന്നെ വേണ്ടി വന്നു. മതാചാരങ്ങൾ മനുഷ്യർക്കും, അതിനും അപ്പുറം ഈ ഭൂമിക്ക് വേണ്ടിയുള്ളതാണ് എന്ന തിരിച്ചറിയാൻ കുറച്ച് സമയം എടുത്തു എന്നത് വാസ്തവം.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഉപേക്ഷിക്കുക തന്നെ വേണം.പ്ലാസ്റ്റിക് ഫ്രീ സോണുകൾ ആക്കി, ഇത്തരം ഇടങ്ങൾ സംരക്ഷിക്കുക. (ഇവിടെ മാത്രമല്ല എല്ലായിടത്തും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് തടയുക തന്നെ വേണം) നവീനതയുടെ പേര് പറഞ്ഞ് മരങ്ങൾ വെട്ടാതിരിക്കുക. മരങ്ങൾ നട്ടുവളർത്തി അതിനെ സംരക്ഷിക്കുക. പാറകൾ പരമാവധി നശിപ്പിക്കാതെ
നോക്കുക.അനാവശ്യമായി ഹർത്താലുകൾ നടത്തുന്നതിന് പകരം പരിസ്ഥിതിയെ പ്രതികൂലമായി ബാധി ക്കുന്ന കാര്യങ്ങൾക്കെതീരെ ശക്തമായ രീതിയിൽ പ്രതികരിക്കുന്ന ജനങ്ങൾ മുന്നോട്ട് വരണം. പ്രകൃതിയെ
ഒരുപാട് കാലം ചൂഷണം ചെയ്ത്
ജീവിക്കാൻ ആർക്കും ആവില്ല എന്ന തിരിച്ചറിവ് നമുക്ക് എല്ലാവർക്കും വരിക തന്നെ വേണം.. ഭൂമിക്ക് നമ്മളെ
ആവശ്യം ഇല്ല എന്നും, നമുക്ക് ആണ് ഭൂമിയെ വേണ്ടത്‌ എന്നും എല്ലാവരും തിരിച്ചറിയണം.ആ ബോധ്യം വലിയൊരു മാറ്റത്തിന്റെ തുടക്കം ആകുക തന്നെ ചെയ്യും..

മനുഷ്യൻ ഉള്ളിടത്തോളം കാലം മതങ്ങളും, ആരാധനാലയങ്ങളും ഉണ്ടാകും. ഏത് മതമാണെകിലും ഈ ഭൂമി നമ്മൾ എല്ലാവർക്കും അവകാശപ്പെട്ടത് തന്നെയാണ്. ആ ഒരു ബോധം എല്ലാവരിലും ഉടലെടുത്താൽ മതി നല്ലൊരു നാളേക്ക് വേണ്ടുന്ന ഭൂമി കരുതി വയ്ക്കാൻ..
©

(NB: ഒരു വൈകുന്നേരം പുലിയണിപ്പാറയിൽ പോയപ്പോൾ എടുത്ത ഫോട്ടോ ആണ് താഴെ )

2 thoughts on “കുന്നിൻ മുകളിൽ ഇരിക്കുന്ന യഥാർത്ഥ ദൈവങ്ങൾ !!!

  1. ചിലപ്പോഴൊക്കെ ചില കെട്ടുകഥകൾക്കും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഒക്കെ ഒളിഞ്ഞു കിടക്കുന്ന പ്രകൃതി സംരക്ഷണം ഫീൽ ചെയ്യാറുണ്ട്. ഓരോ നാടിനും അങ്ങിനെയൊരു കഥ പറയാനുമുണ്ടാകും. രസിപ്പിച്ചും ഭയപ്പെടുത്തിയും പ്രകൃതിക്ക് കവചമാകുന്ന ആർക്കുമാർക്കും ശല്യമില്ലാതെ കഥകളും വിശ്വാസങ്ങളും,വിശ്വാസങ്ങളും. പുലിയണിപ്പാറയ്ക്കും ഉണ്ടാകാം അത്തരം കഥകൾ

    Like

Leave a comment